Saturday, March 8, 2008

കക്കത്തോടേ ശരണം

ക്ലാസ്സില്‍ പേരിന്റെ വാലില്‍ നായരുള്ളത് നമുക്ക് രണ്ടിനും മാത്രമല്ലേ, നമുക്ക് ഒരു യൂണിയനായാലോ എന്ന് ആരതി നായരോട് ചോദിക്കണം എന്ന് ദിനേശന്റെ മനസ്സില്‍ തോന്നിത്തുടങ്ങിയിട്ട് കുറെ നാളുകളായെങ്കിലും അവളുടെ പിതാശ്രീ ഹെഡ് കോണ്സ്റ്റബിള് രാമഭദ്രന്‍ നായര്‍ ഇന്റര്‍സെക്ഷന്‍ നടത്താന്‍ തീരുമാനിച്ചാല്‍ എന്തൊക്കെ ഭാഗങ്ങള്‍ മിസ്സാകുമെന്ന പേടി കൊണ്ട് മാത്രമാണ് വേണ്ടെന്നു വച്ചത്. സ്മിര്‍ണോഫ് കുടിക്കാന്‍ കൊതിച്ചുപോയതുകൊണ്ട് നാളെ ആനമയക്കിയുടെ രുചിയറിയാന്‍ വയ്യാതാവരുതല്ലോ.

ആരതി മറുകച്ചാല്‍ കൊളേജിന്റെ വെജിറ്റെറിയന്‍ ശാലീന സുഭഗത ആണ്. ഞാവല്‍ക്കണ്ണ്, വെണ്ടക്കാമൂക്ക്, തക്കാളിച്ചുണ്ട്, പടവലക്കഴുത്ത്, കരിവേപ്പിലവയറ് എക്സട്രാ എക്സട്രാ. മാസത്തില്‍ ഇരുപത്തഞ്ച് ദിവസമെങ്കിലും മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തുന്ന സ്വാധി. മെസ്സിലെ കുമാരേട്ടന്‍ ആഴ്ചയില്‍ രണ്ട് ദിവസമുണ്ടാക്കുന്ന അട്ട റോസ്റ്റ് ഒഴിച്ച് ജീവിതത്തില്‍ ഒരു നോണ്‍-വെജ് സാധനവും കഴിക്കാത്ത പുണ്യവതി. ആണ്കുട്ടികളോട് മിണ്ടിയാല്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടിവരുമെന്ന് ധരിച്ചിരിക്കുന്ന ഒരു മാടപ്പിറാവ്.

ആ ആരതിയാണ് ദിനേശന്‍ ക്ലാസ്സില്‍ വരാത്തതെന്തേ എന്ന് റോണിയോട് ചോദിച്ചിരിക്കുന്നത്. കടമത്തൂര്‍ ഷാപ്പിലെ കക്ക പറ്റിച്ചിട്ട് കുഞ്ഞൂഞ്ഞച്ചന്റെ റബ്ബര്‍ തോട്ടത്തില്‍ ഫാക്റ്റം ഫോസ്സിടുന്ന കാര്യം റോണി എന്തായാലും പറഞ്ഞില്ല.

തന്നെ ആരതി അന്വേഷിച്ചു എന്നറിഞ്ഞ ദിനേശന്‍ കക്കയുടെ രണ്ട് തോട് പാന്റ്സിന്റെ പിന്നിലൂടെ ഉള്ളിലേക്കു തള്ളി കോളേജിലേക്ക് പറന്നു. രണ്ട് തട എവിടെയും നല്ലതാണ്. മുല്ലപ്പെരിയാറു പൊട്ടിയാലും ഇടുക്കി ഡാമുണ്ടല്ലോ. ദേ ആരതി, ബോര്‍ഡില്‍ ചാണകം തളിച്ച് പ്രാര്‍ഥിക്കുന്നു. പ്രാര്‍ത്ഥന മുടക്കിയിട്ട് തന്നെ.

"ദിനേശാ, ഞാന്‍ ദിനേശനെ അന്വെഷിച്ചായിരുന്നു."
ഞാന്‍ വന്നല്ലോ. ഐ ലവ് യൂ എന്ന് പറയൂ ആരതീ ..."എന്തേ ആരതീ?"

"ഒരു കാര്യത്തിനാ"
എനിക്ക് മനസ്സിലായി. എന്റെ ഹൃദയം...."പറയൂ"

"അതെ ദിനേശാ, ദിനേശന്‍ ശബരിമലക്ക് പോകാറില്ലേ?"
ഇവളെന്നാ അയ്യപ്പനെ അന്വേഷണം അറിയിക്കാന്‍ പറയാന്‍ പോവുകയാണോ? ഹൗ ആര്‍ യൂ സ്വാമിയേ എന്ന് ചോദിക്കാന്‍ "മ്ംംം, അതിന്?"

"എന്റെ അനിയന്‍ ഇക്കൊല്ലം പോകുന്നുണ്ട്. കന്നിയാ."
ഇതാണോ കാത്തിരുന്ന നിമിഷം, എന്റെ ഭാവി അളിയന്‍. അവനിലൂടെ അവന്റെ ചേച്ചിയിലേക്ക് കയറാം. "അതിനെന്താ. എന്റെ കൂടെ കൊണ്ടുപൊകാം."

"അയ്യോ അതിനല്ല. അവന്‍ അച്ചന്റെ കൂടെയാ പോണത്. "
"??പിന്നെ..........."

"അതേ കന്നി പോകുമ്പോള്‍ കടുത്ത സ്വാമിയുടെ നടയില്‍ വെയ്ക്കണ്ട കഞ്ചാവ് വാങ്ങണം. ദിനേശന്‍ അതൊക്കെ ഉപയോഗിക്കുന്ന ആളാണെന്ന് കേട്ടതു കൊണ്ട് എവിടെ കിട്ടും എന്നന്വേഷിക്കാന്‍ വന്നതാ."

മുല്ലപ്പെരിയാറും ഇടുക്കിയും കഴിഞ്ഞ് ഭൂതത്താന്‍ കെട്ടും തകര്‍ന്ന കാര്യം കൂട്ടുകാര്‍ പറഞ്ഞ് ദിനേശന്‍ പിന്നീടറിഞ്ഞു.

Tuesday, January 8, 2008

എന്റെ കടിഞ്ഞൂല്‍ പതന കഥയിലെ നായികേ...

"നീലിമേ ... , ഒന്നു നില്ക്കുമോ...."
"എന്താ ദിനേശാ? എന്നാ പറ്‍റി, ഞങ്ങടെ കോളേജില് എന്തിനാ വന്നേ?"

"നീലിമയോട് ഒരു കാര്യം പറയാന്‍ വന്നതാ.. "
"പറഞ്ഞോളൂ..."

"ഇവര് അങ്ങോട്ട് മാറുകയായിരുന്നെങ്കില്‍......"
"എന്നതാ ദിനേശാ, ഒരു മാതിരി വൈക്ലബ്യം...."

"അത്.... ഒരല്പം സ്വകാര്യമാ. "
"എന്തിനാ ഒരു വെറ?, എടിമാരേ. ഒന്നു മാറി നിന്നു താ. ഇങ്ങേര്‍ക്കു എന്നോടെന്തോ ഒറ്‍റക്കു പറയണമെന്ന്. "
[കോറസ്] "ക്ളി ക്ളി ക്ളി......, എടീ നമുക്കൊന്ന് മാറിക്കൊടുക്കാം. അങ്ങേരുടെ വയറു കണ്ടിട്ട് പ്രെഗ്നന്റ് ആണെന്നു തോന്നുന്നെടീ...."

"എന്താ ദിനേശാ ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍?"
" ഒന്നുമില്ല"

"ദിനേശന്റെ അച്ഛന്‍ റിട്ടയര്‍ ആയിക്കാണും, ഇല്ലേ? ഇപ്പോ എന്താ പരിപാടി?. മയിലാടിക്കുന്നില്‍ തട്ടുകട. അതോ മറുകച്ചാലില്‍ ഫോട്ടോസ്റ്‍റാറ്‍റ്‍ കട?"
"ഇപ്പം പരിപാടിയൊന്നുമില്ല."

"പിന്നെങ്ങെനയാ ചെലവു കഴിയുന്നതു ദിനേശാ? പെങ്ങളുടെ ആസ്ത്മാ ഒക്കെ എങ്ങനെ പോണു?"
[ആത്മഗതം] നിന്റമ്മൂമ്മെടെ......

"ദിനേശന്‍ ഏതു ഹെയര്‍ ഡൈയ്യാ ഉപയോഗിക്കുന്നത്?"
"അയ്യോ, അതിനെന്റെ മുടിയൊന്നും നരച്ചിട്ടില്ലല്ലോ."

"അല്ല. മുടിയുടെ കാര്യമല്ല. മുഖത്തു തേച്ചിരിക്കുന്ന കാര്യമാ പറഞ്ഞത്. പിന്നെ ദിനേശന്‍ ഒരു നല്ല ഹെയര്‍ റിമൂവര്‍ ഉപയോഗിക്കണം കേട്ടോ. ഇതിപ്പം തലയില്‍ അവിടവിടെ ഓരോരോ മുടി ഇങ്ങനെ പൊങ്ങി നില്ക്കുന്നു."
മൗനം....

"അല്ലാ, ചങ്ങനാശ്ശേരിയിലൊക്കെ നെറ്‍റിയിലല്ലാതെ കവിളത്തും കുങ്കുമം തൊടുമോ?"
കവിളു മാത്രമല്ല, മുഖം ടോട്ടലായി അരുണക്കനലായി മാറിത്തുടങ്ങിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ലിവറിനെതിരെ കേസ് കൊടുത്തിട്ടു തന്നെ കാര്യം. 5 ദിവസം കൊണ്ടു മാറ്‍റിത്തരും എന്നു പറഞ്ഞിട്ട്. 5 കൊല്ലമായി ക്ലിയറസില്‍ മോന്തക്കു പെരുമാറുന്നു. എന്നിട്ടും 5 എണ്ണത്തിന് പൊട്ടിയൊലിക്കാന്‍ ഇന്നേ കിട്ടിയുള്ളൂ നല്ല നേരം.

"എന്നാലും എന്നെത്തന്നെ ലയിനടിക്കാമെന്ന് തനിക്കെങ്ങനെ തോന്നിയെടോ? പ്രേമിക്കാന്‍ കണ്ണും മൂക്കുമൊന്നും വേണമെന്നില്ല. എന്നാലും ഒരഞ്ചര അടി പൊക്കമെന്കിലും വേണ്ടേ ദിനേശാ?"

""ആര് ലയിനിടാന്‍ വന്നു. നിന്റെ തന്ത കുമാരന്‍ കുരുമുളകു കൊടിയേന്ന് താഴെ വീണ് മെഡിക്കല്‍ മിഷനിലട്മിറ്റായി എന്നു പറയാന്‍ വന്നതാ. നീ കരയുമോ എന്നു പേടിച്ചു ഒന്ന് പരുങ്ങി എന്നത് നേര്. അന്നേരമാ അവളുടെ ഒരു ഗോളടി."

ഇടി വെട്ടീടും വണ്ണം പെണ്ണു കാറുന്നൊരൊച്ച കേട്ട്.................................................

അവളും കൂട്ടുകാരിയും കൈനറ്റിക്കില്‍ പറന്നു പോകുന്നതു കണ്ടുകൊണ്ടാണ് ദിനേശന്‍ കോളേജ് ഗേറ്റു വഴി പുറത്തേക്ക് വന്നത്. സമയമല്ലാത്ത നേരത്ത് മകള് വീട്ടിക്കേറി വരുംപോള്‍ കുമാരേട്ടനും ശാന്തച്ചേച്ചിയും തേന്മാവും കുരുമുളകു വള്ളിയും എന്ന സിനിമ കാണുകയാണെന്കില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളോര്‍ത്ത് ദിനേശന്‍ ഊറിയൂറി ചിരിച്ചു.

**************************************
വര്‍ഷങ്ങള്‍ക്കു ശേഷം ദിനേശന്‍ ടൗണില്‍ ട്രയിനിറങ്ങുംപോള്‍ അതാ ശാന്തച്ചേച്ചി മെഡിക്കല്‍ സെന്ററിന്റെ മുംപില്‍.

"എടാ നീ പാത്താനത്തെ കീര്‍ത്തനന്‍‍ നായരുടെ മോനല്ലേടാ?. നിന്നെ കണ്ടത് കാര്യമായി. എടാ കുമാരേട്ടന്‍ പെരപ്പുറത്തു നിന്നു താഴെ വീണ് നടുവൊടിഞ്ഞു. നീലിമ ഇപ്പോള്‍ അയര്‍ലാന്റില്‍ നേഴ്‍സാ. അവടെ ഡ്യൂട്ടി ടൈമാ. അവടെ ആശുപത്രിയിലേക്ക് ഇംഗ്ലീഷില് വേണം വിളിക്കാന്‍. ഒന്ന് വിളിച്ചു പറയാമോടാ. "

ശേഷം അചിന്ത്യം..................