Tuesday, January 8, 2008

എന്റെ കടിഞ്ഞൂല്‍ പതന കഥയിലെ നായികേ...

"നീലിമേ ... , ഒന്നു നില്ക്കുമോ...."
"എന്താ ദിനേശാ? എന്നാ പറ്‍റി, ഞങ്ങടെ കോളേജില് എന്തിനാ വന്നേ?"

"നീലിമയോട് ഒരു കാര്യം പറയാന്‍ വന്നതാ.. "
"പറഞ്ഞോളൂ..."

"ഇവര് അങ്ങോട്ട് മാറുകയായിരുന്നെങ്കില്‍......"
"എന്നതാ ദിനേശാ, ഒരു മാതിരി വൈക്ലബ്യം...."

"അത്.... ഒരല്പം സ്വകാര്യമാ. "
"എന്തിനാ ഒരു വെറ?, എടിമാരേ. ഒന്നു മാറി നിന്നു താ. ഇങ്ങേര്‍ക്കു എന്നോടെന്തോ ഒറ്‍റക്കു പറയണമെന്ന്. "
[കോറസ്] "ക്ളി ക്ളി ക്ളി......, എടീ നമുക്കൊന്ന് മാറിക്കൊടുക്കാം. അങ്ങേരുടെ വയറു കണ്ടിട്ട് പ്രെഗ്നന്റ് ആണെന്നു തോന്നുന്നെടീ...."

"എന്താ ദിനേശാ ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍?"
" ഒന്നുമില്ല"

"ദിനേശന്റെ അച്ഛന്‍ റിട്ടയര്‍ ആയിക്കാണും, ഇല്ലേ? ഇപ്പോ എന്താ പരിപാടി?. മയിലാടിക്കുന്നില്‍ തട്ടുകട. അതോ മറുകച്ചാലില്‍ ഫോട്ടോസ്റ്‍റാറ്‍റ്‍ കട?"
"ഇപ്പം പരിപാടിയൊന്നുമില്ല."

"പിന്നെങ്ങെനയാ ചെലവു കഴിയുന്നതു ദിനേശാ? പെങ്ങളുടെ ആസ്ത്മാ ഒക്കെ എങ്ങനെ പോണു?"
[ആത്മഗതം] നിന്റമ്മൂമ്മെടെ......

"ദിനേശന്‍ ഏതു ഹെയര്‍ ഡൈയ്യാ ഉപയോഗിക്കുന്നത്?"
"അയ്യോ, അതിനെന്റെ മുടിയൊന്നും നരച്ചിട്ടില്ലല്ലോ."

"അല്ല. മുടിയുടെ കാര്യമല്ല. മുഖത്തു തേച്ചിരിക്കുന്ന കാര്യമാ പറഞ്ഞത്. പിന്നെ ദിനേശന്‍ ഒരു നല്ല ഹെയര്‍ റിമൂവര്‍ ഉപയോഗിക്കണം കേട്ടോ. ഇതിപ്പം തലയില്‍ അവിടവിടെ ഓരോരോ മുടി ഇങ്ങനെ പൊങ്ങി നില്ക്കുന്നു."
മൗനം....

"അല്ലാ, ചങ്ങനാശ്ശേരിയിലൊക്കെ നെറ്‍റിയിലല്ലാതെ കവിളത്തും കുങ്കുമം തൊടുമോ?"
കവിളു മാത്രമല്ല, മുഖം ടോട്ടലായി അരുണക്കനലായി മാറിത്തുടങ്ങിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ലിവറിനെതിരെ കേസ് കൊടുത്തിട്ടു തന്നെ കാര്യം. 5 ദിവസം കൊണ്ടു മാറ്‍റിത്തരും എന്നു പറഞ്ഞിട്ട്. 5 കൊല്ലമായി ക്ലിയറസില്‍ മോന്തക്കു പെരുമാറുന്നു. എന്നിട്ടും 5 എണ്ണത്തിന് പൊട്ടിയൊലിക്കാന്‍ ഇന്നേ കിട്ടിയുള്ളൂ നല്ല നേരം.

"എന്നാലും എന്നെത്തന്നെ ലയിനടിക്കാമെന്ന് തനിക്കെങ്ങനെ തോന്നിയെടോ? പ്രേമിക്കാന്‍ കണ്ണും മൂക്കുമൊന്നും വേണമെന്നില്ല. എന്നാലും ഒരഞ്ചര അടി പൊക്കമെന്കിലും വേണ്ടേ ദിനേശാ?"

""ആര് ലയിനിടാന്‍ വന്നു. നിന്റെ തന്ത കുമാരന്‍ കുരുമുളകു കൊടിയേന്ന് താഴെ വീണ് മെഡിക്കല്‍ മിഷനിലട്മിറ്റായി എന്നു പറയാന്‍ വന്നതാ. നീ കരയുമോ എന്നു പേടിച്ചു ഒന്ന് പരുങ്ങി എന്നത് നേര്. അന്നേരമാ അവളുടെ ഒരു ഗോളടി."

ഇടി വെട്ടീടും വണ്ണം പെണ്ണു കാറുന്നൊരൊച്ച കേട്ട്.................................................

അവളും കൂട്ടുകാരിയും കൈനറ്റിക്കില്‍ പറന്നു പോകുന്നതു കണ്ടുകൊണ്ടാണ് ദിനേശന്‍ കോളേജ് ഗേറ്റു വഴി പുറത്തേക്ക് വന്നത്. സമയമല്ലാത്ത നേരത്ത് മകള് വീട്ടിക്കേറി വരുംപോള്‍ കുമാരേട്ടനും ശാന്തച്ചേച്ചിയും തേന്മാവും കുരുമുളകു വള്ളിയും എന്ന സിനിമ കാണുകയാണെന്കില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളോര്‍ത്ത് ദിനേശന്‍ ഊറിയൂറി ചിരിച്ചു.

**************************************
വര്‍ഷങ്ങള്‍ക്കു ശേഷം ദിനേശന്‍ ടൗണില്‍ ട്രയിനിറങ്ങുംപോള്‍ അതാ ശാന്തച്ചേച്ചി മെഡിക്കല്‍ സെന്ററിന്റെ മുംപില്‍.

"എടാ നീ പാത്താനത്തെ കീര്‍ത്തനന്‍‍ നായരുടെ മോനല്ലേടാ?. നിന്നെ കണ്ടത് കാര്യമായി. എടാ കുമാരേട്ടന്‍ പെരപ്പുറത്തു നിന്നു താഴെ വീണ് നടുവൊടിഞ്ഞു. നീലിമ ഇപ്പോള്‍ അയര്‍ലാന്റില്‍ നേഴ്‍സാ. അവടെ ഡ്യൂട്ടി ടൈമാ. അവടെ ആശുപത്രിയിലേക്ക് ഇംഗ്ലീഷില് വേണം വിളിക്കാന്‍. ഒന്ന് വിളിച്ചു പറയാമോടാ. "

ശേഷം അചിന്ത്യം..................